Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

വ്യാഴാഴ്‌ച, സെപ്റ്റംബർ 6

കൈയിട്ട് വാരലിനും വേണ്ടേ ഒരു നീതി



ഒരിന്ത്യക്കാരനായി ജനിച്ചു പോയതിനെക്കുറിച്ചോര്‍ത്തു  സാധാരനക്കാരന്‍ ദുഖിക്കുന്നതും ലജ്ജിക്കുന്നതും ര്‍ക്കാര്‍ ഓഫീസുകളിലേക്ക്  കടന്നു  ചെല്ലുന്ന നിമിഷമാണ്. അത്രമാത്രമുള്ള അവഗണനയും അവഹേളനവുമാണ്  ഇന്ത്യയിലാകമാനമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക്‌ സമ്മാനിച്ചു വരുന്നത്. സാധാരണകാരനെ മൂന്നാംകിട പൌരന്മാരായി കണക്കാക്കുന്ന ഈ ഉദ്യോഗസ്ഥദുഷ്പ്രഭുക്കന്മാരെയാണ് ഏഷ്യയിലെ ഏറ്റവും കാര്യനിര്‍വഹണശേഷി  കുറഞ്ഞ  ഉദ്യോഗസ്ഥവൃന്ദമെന്നു, Hong Kong-based Political and Economic Risk Consultancy (PERC) എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.( ഉദ്യോഗസ്ഥ രാഷ്ട്രീയ അഴിമതിയില്‍ അഞ്ചാം സ്ഥാനവും). എന്തിലും ഒന്നാം സ്ഥാനം വേണമെനാഗ്രഹിക്കുന്ന നമ്മുക്കിത് അഭിമാനമാണോ അപമാനമാണോ എന്ന് സ്വയം തീരുമാനിക്കാം. 

ഇത്തരം സേവനമനോഭാവത്തോടെ നികുതി  വരുമാനത്തിന്റെ സിംഹഭാഗവും കാര്‍ന്നു തിന്നു സുഭിക്ഷമായി വാഴുന്നവര്‍ തന്നെയാണ്, പൊതുമുതല്‍ അല്പം നീതി ബോധത്തോടെ പങ്കു വയ്ക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് നേരെ രാഷ്ട്രീയ സംഘടനകളുടെ  സങ്കുചിതമായ  നിലപാടുകള്‍ക്ക് പിന്നിലൂടെ കലാപമുയര്ത്താന്‍ ശ്രമിക്കുന്നത്. 

2004-ലാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിലേതൊഴികെയുള്ള കേന്ദ്രനിയമനങ്ങള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയും മറ്റു സംസ്ഥാനങ്ങളെ നടപ്പിലാക്കുന്നതിന് വേണ്ടി നിര്‍ബന്ധിക്കാന്‍ തുടങ്ങിയതും. എന്നാല്‍ കേരളവും ബംഗാളും ത്രിപുരയും ഒഴുകെ എല്ലായിടത്തും നടപ്പാക്കിയിട്ടും ചരിത്രാതീതകാലം മുതലുള്ള  കമ്യൂണിസത്തിന്റെ ഉടക്ക് നയം കാരണം  2002 ല്‍ തന്നെ  AK  ആന്റണി കൊണ്ട് വന്ന പരിഷ്കരണ നീക്കം തടസപ്പെടുത്തുകയും  2007- ല്‍  വിഎസ് ഭരണത്തിലേറി  പാടെ വലിച്ചു കീറി കളയുകയും  ചെയ്തു . 


എന്താണ് പങ്കാളിത്ത പെന്‍ഷന്‍നിലവിലുള്ള  സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായ  പ്രകാരം വിരമിച്ചശേഷം ഒരാള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക നിശ്ചയിക്കുന്നത് ആ വ്യക്തിയുടെ സേവനകാലത്തിന്റെ ദൈര്‍ഘ്യം, പിരിയുന്നതിന് തൊട്ടുമുമ്പുള്ള മാസം വാങ്ങിയ ശമ്പളം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. പുതിയ പദ്ധതി പ്രകാരം ഓരോ ജീവനക്കാരനും അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തു ശതമാനം  പെന്‍ഷന്‍  ഫണ്ടിലേക്ക് പ്രതിമാസം അടയ്ക്കണം. തുല്യമായ തുക സർക്കാരും  വിഹിതമായി നൽകും. ഈ പെന്‍ഷന്‍ഫണ്ട് വിവിധതരം പദ്ധതികളില്‍ നിക്ഷേപിച്ച്  ആ വരുമാനം  വിരമിച്ച ശേഷം പെന്‍ഷനായി നല്‍കുകയാണ് ചെയ്യുക. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി എന്ന നിയന്ത്രണ സംവിധാനമാണ് പെന്‍ഷന്‍ ഫണ്ടുകള്‍ നിയന്ത്രിക്കുന്നത്. 

വളര്‍ച്ചയ്‌ക്കൊപ്പം തളര്‍ച്ചയ്ക്കുമുള്ള സാധ്യതയാണ് ഇത്തരം നിക്ഷേപങ്ങളുടെ പ്രത്യേകത. നഷ്ടസാധ്യത അടിസ്ഥാനമാക്കി മൂന്ന് തരത്തിലുള്ള നിക്ഷേപങ്ങളാണ് സാധാരണ സ്വീകരിക്കാറ്. 1. വിപണിയധിഷ്ഠിത ഓഹരികള്‍, 2. നിശ്ചിത വരുമാനം ഉറപ്പ് നല്‍കുന്ന സര്‍ക്കാരിതര സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍, 3. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ പോലുള്ള നിക്ഷേപങ്ങള്‍ഇതില്‍ ആദ്യത്തെ നിക്ഷേപമാര്‍ഗം ഉയര്‍ന്നലാഭം തന്നേക്കാം. പക്ഷേ, അത്രതന്നെ നഷ്ടസാധ്യതയും ഉണ്ട്.രണ്ടാമത്തെയും മൂന്നാമത്തെയും നിക്ഷേപമാര്‍ഗങ്ങള്‍ കുറഞ്ഞലാഭം മാത്രമേ തരുന്നുള്ളൂവെങ്കിലും നഷ്ടസാധ്യത തുലോം കുറവാണ്. നിക്ഷേപം വിവേച്ചനത്തോടെ തീരുമാനിക്കാനുള്ള അവകാശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്  താനും.

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാരന് പെന്‍ഷന്‍ നല്‍കേണ്ടത് സര്‍ക്കാറിന്റെ മാത്രം ബാധ്യതയാണ്. ഇതിനായി പ്രത്യേക ഫണ്ടോ, നീക്കിയിരിപ്പോ സര്‍ക്കാരിനില്ല. ഓരോ വര്‍ഷത്തേയും പെന്‍ഷന്‍ബാധ്യത കണക്കാക്കി തുക ഓരോ ബജറ്റിലും സര്‍ക്കാറിന്റെ വരുമാനത്തില്‍നിന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. നിലവിലുള്ള 5.34 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും , 5.50 ലക്ഷം പെന്‍ഷന്‍കാര്‍ക്കും  2012 - 2013  ല്‍ ശബളത്തിനു 16,765 കോടിയും , പെന്‍ഷനു  8178 കോടിയും, പലിശയിനത്തില്‍ 7234 കോടിയും ചിലവാക്കേണ്ടിവരുന്നു. ശബളം + പെന്‍ഷന്‍ + പലിശ എന്നിവ തനത് വരുമാനത്തിന്റെ 90.34 %  ആയി  കണക്കാക്കാന്‍ ആവുകയും. മൊത്തം കടബാധ്യത 88,746 കോടിയും ഉയരുകയും ചെയ്യുന്നു. അങ്ങനെ ആകെ ജനസംഖ്യയുടെ മൂന്ന് മുതല്‍ നാല് ശതമാനം  ( 3.25 %)   മാത്രം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ആകെ റവന്യൂ വരുമാനത്തിന്റെ തൊണ്ണൂറു ശതമാനത്തില്‍ അധികം കൈപ്പറ്റുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത് കേരളത്തിന്റെ വിശാല വികസന സ്വപ്നങ്ങള്‍ കൂടെയാണ്. 

സര്‍ക്കാര്‍ കടം എടുക്കുന്ന പണം വികസനപ്രവര്‍ത്തങ്ങളിലേക്ക് എത്താതിരിക്കുമ്പോള്‍ പലിശഭാരം കൂടുന്നതിനനുസരിച്ച് ധനക്കമ്മി വര്‍ദ്ധിക്കുന്നു. കേന്ദ്ര ധനകാര്യ കമ്മീഷന്റെ നിര്‍ദേശമനുസരിച്ചു 2015-ല്‍ ധനക്കമ്മി  ഇല്ലാതെ ആക്കണമെങ്കില്‍ കടുത്ത സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പാക്കിയേ മതിയാവു. അല്ലാത്തപക്ഷം സാമ്പത്തിക ധനസഹായം ആവശ്യപ്പെട്ടു  അങ്ങോട്ട്‌ ചെല്ലേണ്ടയെന്നാണ് കേന്ദ്രധനകാര്യ കമ്മീഷന്റെ  കര്‍ശന നിലപാട്.  ഇത്തരം ഒരു സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാതെ   സര്‍ക്കാരിന്  മറ്റു മാര്‍ഗമില്ല. 

അങ്ങനെ അല്ലാതാകുകയാണെങ്കില്‍  കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം യുറോപ്യന്‍ നിലവാരത്തില്‍ ഉയര്‍ന്നതു കാരണവും   പെന്‍ഷന്‍ പ്രായം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു  കുറവായത് കൊണ്ടും വര്ഷം ഇരുപതിനായിരത്തില്‍ അധികം പേര്‍ പെന്‍ഷനാവുകയും പെന്‍ഷന്‍ക്കാര്‍ ജീവനക്കാരുടെതിനെക്കള്‍ കൂടുതല്‍ ആവുകയും ചെയ്യുന്നതിനാലും നിലവിലുള്ള  സാമ്പത്തിക ബാധ്യത (ശബളത്തിനും പെന്‍ഷനും) 2021-22 ൽ 41,180 കോടിയും  2031-32 ൽ 1,95,000 കോടിയുമെന്ന അവിശ്വസനീയ സംഖ്യയിലേക്ക് എത്തിയേക്കും. അതിനനുസരിച്ചുള്ള വിഭവ സമാഹരണം നടത്താനുള്ള റവന്യൂ വരുമാനമില്ലാത്ത സര്‍ക്കാരിന് ശബളം നല്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയാവും സംജാതമാകുക.

2013 ഏപ്രില്‍ മുതല്‍ നടപ്പാക്കുന്ന പദ്ധതി നിലവിലുള്ള ഒരു ജീവനക്കാരനെയും   ബാധിക്കുകയില്ല എന്നായിരിക്കുമ്പോള്‍ നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കാളിത്ത പെന്‍ഷനെ  എതിര്‍ക്കുന്നത് ആത്മാര്‍ത്ഥയില്ലാത്തതും പക്ഷപാതപരവുമാണ്. യുവാകള്‍ക്ക് വേണ്ടി എന്ന് വാദിക്കുന്നവര്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്യുകയും,  ഇനിയും ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നവരാണ്. ഓഫിസുകളില്‍ അധികമുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കുക   വഴി യുവാക്കള്‍ക്ക്  പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ല എന്നോര്‍ത്ത് കണ്ണീര്‍ ഒഴുക്കുന്നത്.  വര്‍ഷങ്ങളായി സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ നോക്കുന്ന   താല്‍കാലിക കരാര്‍ ജീവനക്കാരുടെ  തൊഴില്‍ ഉറപ്പിനെ കുറിച്ച് അവരുടെ ക്ഷേമത്തെ കുറിച്ച് ഈ ഉദ്യോഗസ്ഥ വര്‍ഗ്ഗത്തിനു പരിവേദനമില്ല. യുവാക്കളെ ചൂണ്ടു പലകയാക്കി പ്രതിപക്ഷ ബുദ്ധി ജീവികള്‍ പ്രസംഗിച്ചു നടക്കുന്നതൊക്കെ  തങ്ങളേയും ബാധിച്ചു കളയുമോ എന്ന  ഭീതിയിലാണ് ജീവനക്കാര്‍.

2004 മുതല്‍ കേന്ദ്രസര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്ക്  കേരളത്തില്‍  പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ളപ്പോഴും കേരളവും ത്രിപുരയും ബംഗാളും ഒഴുകെ ഇരുപത്തി ഒന്ന് ലക്ഷം ജീവനക്കാര്‍ പങ്കാളിത്ത  പെന്‍ഷന്‍  പരിധിയില്‍ വരുകയും  പെന്‍ഷന്‍ഫണ്ടിലേക്ക്  16,762 കോടി രൂപയുടെ നിക്ഷേപം സ്വരൂപിച്ചു കഴിഞ്ഞ ശേഷവും   കമ്യൂണിസ്റ്റ്‌  പാര്‍ട്ടി  ഭരിക്കുകയോ  മുഖ്യപ്രതിപക്ഷം ആയിരിക്കുകയോ  ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരിലെ ഒരു വിഭാഗത്തിന് മാത്രമാണ് ആശങ്ക.

കാലാകാലങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തുടര്‍ന്ന് വന്ന പ്രീണന നയമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ അനുകൂല്യങ്ങള്‍ ഇത്ര കണ്ടു വര്‍ദ്ധിക്കാന്‍ കാരണമായത്. അസുരന്**  വരം കൊടുത്തമാതിരിയാണ് ഇപ്പോള്‍   ജീവനക്കാര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്ക്‌ നേരെ വിരല്‍ ചൂണ്ടി പാഞ്ഞടുക്കുന്നത്. ആര്. രാജേന്ദ്രബാബു അധ്യക്ഷനായ ഒന്‍പതാം ശബളപരിഷ്കരണ കമ്മീഷന്റെ നിര്‍ദേശത്തോടു കൂടെ ഓരോ അഞ്ചു വര്‍ഷവും പത്ത് ശതമാനം ശബള വര്‍ദ്ധനയും പന്ത്രണ്ടു ശതാമാനം പെന്‍ഷന്‍ വര്‍ദ്ധനയും ലഭിക്കും. ഇന്നത്തെ പരിസ്ഥിതിയില്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ കുറഞ്ഞ ശബളം  8,500 രൂപയായി നിശ്ചയിച്ചു കഴിഞ്ഞു. ശബളത്തിനു പുറമേ   മറ്റു അനാധിയായ അനവധി ആനുകൂല്യങ്ങള്‍  ഉദ്യോഗസ്ഥതലത്തിലും സാമൂഹികമേഖലയിലും ഓരോ സര്‍ക്കാര്‍ ജീവനക്കാരനും ലഭിച്ചു വരുന്നു. ഒദ്യോഗതലത്തില്‍ നിന്നും വിരമിക്കുന്ന കീഴ്ത്തട്ട് ജീവനക്കാര്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍ക്കുന്ന പെന്‍ഷനെ ആശ്രയിച്ചു ജീവിതം തള്ളി നീക്കുന്നതു, എന്നാല്‍ മേല്‍ത്തട്ട് ജീവനക്കാര്‍ വിരമിച്ച ശേഷം സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നോക്കുകയോ സര്‍വീസില്‍ ഇരുന്നു ആര്‍ജിക്കുന്ന സാമ്പത്തിക ഭദ്രതയില്‍ നിന്നും ബിസിനസുകള്‍ തുടങ്ങി അധിക വരുമാനം കണ്ടെത്തുകയോ ആണ് ചെയ്തു വരുന്നത്. 

ഭരണകൂടം ഒരു പൊതുമേഖലാ സ്ഥാപനമാണ് അതിലെ ജീവനക്കാര്‍ക്ക് പൊതുമുതലില്‍ നിന്നും  നീതിയുക്തമായ  ആനുകൂല്യങ്ങളെ നല്‍ക്കാന്‍ ബാധ്യതയുണ്ടാകാവൂ അല്ലാതെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ജനതയുടെ ബാധ്യതയായി മാറരുത്. പെന്‍ഷന്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ ജന്മാവകാശമാണന്ന ഭാവേന ആരും ഇനി  ജനസേവനത്തിറങ്ങേണ്ടതില്ല. കാരണം തൊഴിലില്ലാത്ത പട്ടിണി പാവങ്ങളും   അപകടം വഴി അംഗവൈകല്യം വന്നവരും, രോഗശയ്യയില്‍ ആയ നിത്യരോഗികളും നിരാലംബരായ വൃദ്ധരും ആദിവാസികളും സര്‍ക്കാരിന്റെ  ഉദാരസേവനങ്ങള്‍ക്കായി കൈനീട്ടി നില്‍ക്കുകയാണ്. അവര്‍ക്കും  ജീവിക്കാനുള്ള അവകാശമുണ്ട് . വിധവാ പെന്‍ഷനും, വാര്‍ദ്ധക്യ പെന്‍ഷനും ആശ്രിത പെന്‍ഷനും അവിവാഹിത അമ്മമാര്‍ക്കു നല്‍ക്കുന്ന പെന്‍ഷനും, കാര്‍ഷിക തൊഴിലാളി പെന്‍ഷനും  വികലാംഗ പെന്‍ഷനും  സര്‍ക്കാര്‍   നല്‍ക്കുന്ന ധനസഹായത്തെക്കാള്‍ എത്രയോ മേച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ആണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍ക്കുന്നത് .

അതുകൊണ്ടൊക്കെ തന്നെ  സ്വാസ്ഥ്യ കേരളത്തിന്റെ  ദീര്‍ഘകാല വികസനത്തിന്  പങ്കാളിത്ത പെന്‍ഷന്‍ ഉടന്‍ നടപ്പാക്കുക തന്നെ വേണം. അപ്പോള്‍ തന്നെ  നിലവിലുള്ള ജിവനക്കാരുടെ ആശങ്കകളെ പരിഗണിക്കുകയും പരിഹരിക്കുകയും   കൂടാതെ പങ്കാളിത്ത പെന്‍ഷനില്‍ എം എല്‍ എമാരെയും    എം പിമാരെയും ഉള്‍പ്പെടുത്തുകയും വേണം. ഭാവിയിലൂടെ ചിന്തിക്കുമ്പോള്‍  സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെയും പങ്കാളിയാക്കുവാന്‍ വേണ്ട നയരൂപികരണം സര്‍ക്കാര്‍ തുടങ്ങിവയ്ക്കണം.  

അശരീരി :  സര്‍വീസില്‍ ഇരിക്കുന്ന  കാലമത്രയും സ്വന്തം ശബളവര്ദ്ധനയ്ക്കും   അവകാശങ്ങള്‍ക്കും മാത്രമായി സമരം ചെയ്യുകയും സര്‍ക്കാരിനെ തരാതരം പോലെ കൊള്ളയടിക്കുകയും ജനത്തിന്റെ പോക്കറ്റില്‍ കൈയിട്ട ശേഷവും ഇനിയും ഇനിയും എന്ന് വിലപിക്കുകയും  ചെയ്യുന്ന   ഒരപൂര്‍വ്വ ജീവിവര്ഗ്ഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ തരം താഴുകയാണ്. അതിനാല്‍ ലാസ്റ്റ്‌ ഗ്രേഡ്‌ ജീവനക്കാര്‍ക്കൊഴുകെയുള്ള പെന്‍ഷന്‍ സബ്രദായം തന്നെ കാലക്രമേണ നിര്‍ത്തലാക്കണം.