Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

വ്യാഴാഴ്‌ച, മേയ് 31

ജനാധിപത്യത്തെ ഞെക്കി കൊല്ലുന്നവര്‍

കേരളം രാഷ്ട്രിയ പ്രബുദ്ധരുടെ നാടാണെന്നാണല്ലോ  പൊതുവെയുള്ള വയ്പ്പ്. രാഷ്ട്രിയ സമുദായ മുതലാളിമാര്‍ ചൂണ്ടികാട്ടുന്നിടതോക്കെ  ചെന്ന് കുത്തുന്നതിനെയാണോ   പ്രബുദ്ധതയെന്നു പറയുന്നത് .? 

ഒരു കാലത്ത്  പൊതു ജനമെന്നറിയപ്പെട്ടിരുന്ന നിഷ്പക്ഷരായ  ജനവിഭാഗത്തിനു  കേരളത്തില്‍  വംശനാശം  സംഭവിച്ചു വരുകയാണ് . കാലാകാലങ്ങളില്‍  തുടരുന്ന പക്ഷവാദ പരമായ  രാഷ്ട്രീയ-സാമുദായിക, ലിംഗ വര്‍ഗ്ഗ  തൊഴിലാളി  മുതലാളി  സര്‍വ്വീസ്  സംഘടനകളുടെ  നീരാളി പിടിയില്‍ ഞെരിഞ്ഞമരുകയാണിവിടെ  ശേഷിക്കുന്ന പൊതുജനത്തിന്റെ  വികാരവും ധാര്‍മ്മികതയും.കാരണം ഏതെങ്കിലുമൊരു സംഘടനയിലെങ്കിലും അംഗമാകാതെ സ്വസ്ഥതമായി ജീവിച്ചു പോകാനാകാത്തൊരു സ്ഥിതി  സംജാതമായ  രാഷ്ട്രീയ സാഹചര്യമാണ്  കേരളത്തിലിന്നു  നിലനില്‍ക്കുന്നത്. അത്ര മാത്രം സംഘടനാ സ്വാതന്ത്ര്യത്തിന്റെ  മറവില്‍  ആദര്‍ശത്തിന്റെയും , അവകാശങ്ങളുടെയും , അധികാരത്തിന്റെയും  പേരില്‍  സമൂഹം  വിഘടിച്ചു  സ്ഫോടനാത്മകവും, സങ്കുചിതവും , മലീമസവുമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കയാണ് എന്നുള്ളത്   ഖേദകരവും  വേദനാജനകവുമായ  വസ്തുതയാണ് 

അത് കൊണ്ടൊക്കെ  തന്നെയാണ്  സാര്‍വ്വത്രിക -രാഷ്ട്രീയ  കക്ഷികളും കേരളത്തില്‍ നിഷ്പക്ഷരായ ജനവിഭാഗത്തെ നിഷ്കരുണം അവഗണിച്ചു  സാമുദായിക സംഘടനകളുള്‍പ്പടെയുള്ളവരുടെ തിണ്ണ നിരങ്ങാന്‍ മത്സരിച്ചു  അവയെ വിശ്വാസത്തിലെടുക്കാനും , പ്രീതിപ്പെടുത്താനും പരിശ്രമിക്കുന്നതും . അത്തരം സംഘടനകളുടെ സംഘടിത മുതലാളിമാര്‍  തലയെണ്ണി  കാട്ടി അധികാര ദുര്‍ഗ്ഗങ്ങളെ ഭീക്ഷണിപ്പെടുത്തുന്നതും. തെരഞ്ഞെടുപ്പുകളുടെ കാഹളമുയരുമ്പോഴാണിവരുടെ   ആത്മ വീര്യം സടകുടഞ്ഞുണരുന്നതു  ,വീതം വയ്പ്പിന്റെയും ,വിഴുപ്പലക്കലുകളുടേയും , വീമ്പ് പറച്ചിലുകളുടേയും  വീരസ്യങ്ങള്‍ കൊണ്ട് ശബ്ദ മുഖരിതമായി  ഗോളാന്തര വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നതും .

സാമുദായിക സംഘടനകളുടെ കാര്യം :- ഓരോ തെരഞ്ഞെടുപ്പിലും വിജയ സാധ്യതയുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമേ ഇവിടെയുള്ള ഒട്ടുമിക്ക സമുദായവും  പരസ്യ പിന്തുണ പ്രഖ്യാപിക്കാറുള്ളൂ . ഭരണത്തിലിരിക്കുന്നവര്‍  കഴിഞ്ഞ 5 വര്‍ഷക്കാലവും  സമുദായ ഉദ്ദാരണത്തിനു വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല എന്നവര്‍ പഴി പറയും.പ്രതിപക്ഷ കക്ഷികള്‍ക്ക്  പിന്തുണ പ്രഖ്യാപിക്കും. പുതിയ മന്ത്രി സഭ വരും  വിജയിപ്പിച്ചവരോധിച്ചത് ഞങ്ങളാണെന്ന് വീമ്പിളക്കി അധികാരത്തിന്റെ നിഴല്‍ പറ്റി സുഖലാളനകളില്‍ പരമാനന്ദം കണ്ടെത്താന്‍  പരിശ്രമിക്കും. കേരളത്തില്‍ തുടര്‍ച്ചയായി  ഭരിക്കാന്‍ ജനമൊരു സര്‍ക്കാറിനേയും അനുവദിക്കില്ലയെന്നത്‌ ഇക്കൂട്ടര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.

വാസ്തവത്തില്‍ ഈ പറയെപ്പെടുന്ന അത്രയും സ്വാധീനം  കേരളത്തില്‍ സാമുദായിക സംഘടനകള്‍ക്കുണ്ടോ ? അതോ  . മുതലാളിമാര്‍ പറയുന്നിടത്തൊക്കെ കുത്താനും മാത്രമുള്ള  സാക്ഷരത മാത്രമേ  ഇക്കണ്ട കാലം കൊണ്ട് മലയാളി നേടിയിട്ടുള്ളോ?

പിന്നെ എന്ത് കൊണ്ട് മാറി മാറി ഇടതിനും വലതിനും  സമുദായ സ്നേഹമില്ലെന്നും  ഞങ്ങളുടെ വോട്ടു നേടി  ജയിച്ചതിന്റെ നന്ദിയില്ലെന്നും പരാതി പറയുന്ന ഭൂരിപക്ഷ ഹൈന്ദവ സമുദായങ്ങള്‍ ലോകത്തെ സര്‍വ്വത്ര ഹൈന്ദവരുടേയും  ഹോള്‍ സെയില്‍ രക്ഷകരായി  സ്വയം അവരോധിച്ചു  നടക്കുന്ന ബി .ജെ .പി  എന്ന ഭാരത ജനതാ പാര്‍ട്ടിയെ  കേരളത്തില്‍ പിന്തുണച്ചു വിജയിപ്പിച്ചു  ഭരണത്തിലവരോധിക്കുന്നില്ല . സഹിക്കുന്നതിനും ഒരു പരിധിയോക്കെയില്ലേ.

ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പ് ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് മാത്രമല്ല സകല സമുദായങ്ങള്‍ക്കും വലിയ തലവേദനയായി പോയി  നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍  ആര് ജയിക്കുമെന്ന്  ഒരു തിട്ടവുമില്ലാത്ത  ആഷ്‌ബുഷ് കണ്‍ഫ്യൂഷനില്‍  സകല കോമാളികളും ചേര്‍ന്ന് അത് കൊണ്ട് മന :സാക്ഷി  വോട്ടെന്ന മാന്ത്രിക വടി ചുഴറ്റി കാത്തിരിക്കുന്നത് .

രാഷ്ട്രീയ കാരണങ്ങള്‍ : രാജ്യത്ത് ഇരുപത്തിയഞ്ച് വയസു തികഞ്ഞ ഏതൊരു വ്യക്തിയ്ക്കും ശക്തമായ സമുദായ രാഷ്ട്രീയ സ്വാദീനമുള്ള മണ്ഡലങ്ങളില്‍ മത്സരിച്ചു വിജയിച്ചു രാജ്യത്തു വിഹരിക്കാം . അയാളുടെ മുന്‍കാലപ്രവര്‍ത്തനങ്ങളെ  വിദ്ദ്യാഭ്യാസ സാമൂഹിക സാമ്പത്തിക യോഗ്യതകളെ ,  സാധ്യതകളെ  കണിശമായി ചോദ്യം ചെയ്യാന്‍ പരിഗണിക്കാന്‍ തടസപ്പെടുത്താന്‍ യാതൊരുവിധ വ്യവസ്ഥയും നമ്മുടെ നിയമശൃംഘലയില്‍ ഉള്പ്പെടുത്തപെട്ടിട്ടില്ല. അത്തരം ചില ശുദ്രജീവികള്‍ ദശാബ്ദങ്ങളായി വച്ച് വാഴുന്ന പല മണ്ഡലങ്ങളിലും ആഘോഷിക്കതക്കവിധമുള്ള വികസനങ്ങള്‍ നടന്നിട്ടില്ല എന്നത് അതുകണ്ട് തന്നെ ആശ്ചര്യപെടുത്തുന്നുമില്ല. കാരണം ജനപ്രധിനിധികളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ നിയമപരമായോ രാഷ്ട്രീയമായോ ഒരു സംവിധാനവുമില്ല സംഘടനാ ശക്തിയില്‍ അവര്‍ക്ക് വീണ്ടും സധൈര്യം മത്സരിക്കാം .

മാത്രമല്ല വിജയിച്ചു വരുന്ന സ്ഥാനാര്‍ഥിയ്ക്ക്  ആകെ വോട്ടിന്റെ മുപ്പതു ശതമാനം പോലും  ലഭിക്കുന്നില്ലാ എന്നത് ജനാധിപത്യത്തിന്റെ ജയപരാജയമായി വിലയിരുത്താന്‍ പുണ്യാളന്‍ ആളല്ല 

വ്യാജ സ്ഥാനാര്‍ഥികളെ  ഉണ്ടാക്കി വോട്ടറെ വഴിതെറ്റിക്കുന്ന രാഷ്ട്രീയകാര്‍ പരസ്പരം വിവാദങ്ങളും കുപ്രച്ചരണങ്ങളും കൊണ്ട് മുഖരിതമാക്കിയ അന്തരീക്ഷത്തില്‍ .  ഫയലില്‍   ഒപ്പിടാന്‍ പോലും  ഭയമാണിന്ന്  ഓരോ ഉദ്യോഗസ്ഥനും ,  കോടതി കയറാന്‍ അത് മതിയല്ലോ ?മൂര്‍ത്തിയെക്കാള്‍ വലിയ ശാന്തിക്കാര്‍ ഉള്ളനാടയത് കാരണം രാഷ്ട്രീയക്കാര്‍ കാട്ടി കുട്ടുന്ന പേയ്കൂത്തുകളെ കുറിച്ച് പുണ്യാളന്‍ നീശബ്ദന്‍  ആകുന്നു. സമയം വെറുതെ കളയണ്ടല്ലോ !

അവരെന്തുകൊണ്ടാണീവിധം പ്രവര്‍ത്തിക്കുന്നത് അതിനുള്ള ധൈര്യം  അവര്‍ക്കാരു നല്‍കി എന്നൊക്കെയാണ് പുണ്യാളന്റെ ചിന്തയും വ്യാകുലതയും .

പൌരസമൂഹം : ലക്ഷോപലക്ഷം ദേശസ്നേഹികള്‍ ത്യാഗോജ്വലമായ സമരങ്ങളിലൂടെ നേടിയെടുത്ത സ്വതന്ദ്രം അതര്‍ഹിക്കുന്ന ആദരവോടെ പരിഗണിക്കാതെ പോകുന്നതിന്റെയും അന്നവര്കണ്ട സ്വപ്നം വികലമായ മനോദൌര്‍ബല്യങ്ങള്‍ ആയി തകര്‍ന്നു പോയതിന്റെയും കാരണം രാഷ്ട്രീയക്കാരുടെ ചുമലിലേക്ക് സൌകര്യപൂര്‍വ്വം കയറ്റിവച്ച് ഒളിച്ചോടുകയാണിവിടെ പൌരസമൂഹം . രാജ്യത് നടമാടുന്ന ആരാജകത്വത്തിന്റെയും അഴിമതിയുടെയും അക്രമത്തിന്റെയും അവികസനത്തിന്റെയും ഭരണനിര്‍വഹണ സ്തംഭനത്തിന്റെയും കാരണഭൂതന്‍ അന്യഗ്രഹ ജീവികളോ പേരറിയാത്ത ദുര്‍ഭൂതങ്ങളുടെയോ അല്ല. ഇവിടെ ജനിച്ചു മരിച്ച നമ്മുടെ പൂര്‍വികരും ഞാനും നീയുമാണ് അതിന്റെ ഓക്കേ ഉത്തരവാദികള്‍ . 

മാറ്റത്തിന്റെ മഹാശക്തി വിരല്‍തുമ്പില്‍ ആവാഹിച്ചു മഷിപുരട്ടി കടന്നു ചെണ് സമുദായ-രഷ്ട്രീയ ഇഷ്ടക്കാര്‍ക്ക് നിഷ്കരുണം മുദ്രചാര്‍ത്തി ചാരിതാര്‍ഥൃത്തോടെ മടങ്ങുന്ന നമ്മള്‍ ഇതില്‍ കൂടുതല്‍ ഒന്നും ആഗ്രഹിക്കാന്‍ പാടില്ല ഒന്നും കിട്ടുനില്ല എന്ന് പരാതിയും പഴിയും പറയാന്‍ അര്‍ഹരും അല്ല 

പ്രതികരിയ്ക്കാനറിയുന്ന സമൂഹത്തിനു മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാവു .

പരാതി പറയുന്നവരും പഴിപറയുന്നവരുമാകാതെ അനീതികള്‍ക്കും അഴിമതിക്കുമെതിരെ പ്രതിശേധിക്കുന്നവാനും  പ്രതികരിയ്ക്കാനും പഠിക്കണം.

നമ്മുക്ക് സമാധാനം വേണം സമത്വം വേണം ജനാധിപത്യം എന്ന് എഴുതികണ്ടാല്‍ പോര  അത് അനുഭവിച്ചറിയണമെങ്കില്‍  നേടിയെടുക്കാന്‍ ആര്‍ജവം കാട്ടണം.

നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറെ കാലമായി പ്രത്യൂല്പാദനം മാത്രം നടത്താനറിയുന്ന അതില്‍ മാത്രം ഊന്നല്‍  നല്‍കുന്ന ഒരു ജനവിഭാഗമായി ഭാരതീയര്‍ വളര്‍ന്നു വരുന്നുണ്ട്. കിട്ടുന്ന ബിരുദവും താങ്ങി നാടുവിടാനുള്ള വ്യഗ്രതയിലാണവര്‍ . ചുറ്റും നടക്കുന്നതിനെ  കാണാന്‍ നേരമില്ല അതിനെ കുറിച്ച് ചിന്തിക്കാന്‍ മനസുമില്ല . ജനാധിപത്യത്തോടും രാഷ്ട്രീയത്തോടും ഒട്ടും വിശ്വാസവുമില്ല അതിനെ അന്തസായി  അഭിമാനം കൊള്ളൂകയും ചെയ്യുന്നു .

സുഹൃത്തെ , വോട്ടു ചെയ്യാതെയിരുന്നാല്‍ ജനാധിപത്യം പൂത്തുലയുകയില്ല , നൂറു ശതമാനം  വോട്ട് രേഖപെടുതിയതുകൊണ്ട് മാത്രം ഒരു വസന്തവും വരുകയില്ല . നിഷ്പക്ഷവും  നീതിപൂര്‍ണവും നിര്‍ഭയവുമായ ശരികണ്ടെത്തുമ്പോഴാണു    ജനാധിപത്യം അര്‍ത്ഥവതാകുന്നതും ശക്തിപെടുന്നതും

വാല്‍കഷണം : എന്റെ സമുദായത്തിന് എം എല്‍ എ ഇല്ല , എം പി ഇല്ല മന്ത്രി ഇല്ല . ഒരു പഞ്ചായത്തംഗം എങ്കിലുമുണ്ടെന്നു അറിവുമില്ല . ജഡ്ജിയെ തന്നില്ല ആരെയും രാഷ്ട്രപതി ആക്കിയതുമില്ല . നിങ്ങള്‍ പറയൂ  പിന്നെ ഞാന്‍ എന്തിനു വോട്ട് ചെയ്യണം അല്ലെ  ! !  ( സമുദായ മുതലാളിമാരെ )

പുറത്തു കടക്കാന്‍ ഇതിലെ ഒരു വഴിയുണ്ട് : നിയമ സഭയിലെ കാഴ്ചകള്‍   കണ്ടു 

ഉടന്‍ വരുന്നു : വൈ ദിസ്‌ കൊലവെറി കൊലവെറി  ഡി  !! 

തിങ്കളാഴ്‌ച, ഏപ്രിൽ 30

നിങ്ങള്‍ അവളേയും കൊന്നു !!



വായ്പ്പ ലഭിച്ചില്ല എന്ന കാരണം കൊണ്ട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത‍ എന്നെ അത്യാധികം വേദനിപ്പിച്ചിരിക്കുന്നു .

നമ്മുടെ വ്യവസ്ഥകളുടെ നിഷേധാത്മകമായ നിലപാടുകള്‍  കൊണ്ട് മരിച്ചു വീഴുകയും മരിച്ചു ജീവിക്കുകയും ചെയ്യുന്ന  സാധുക്കള്‍ ഉയര്‍ത്തുന്ന ഒരു കാലിക ചോദ്യമുണ്ട് നമ്മുടെ ബാങ്കുകള്‍ നമ്മുക്കെന്താണ് നല്‍ക്കുന്നത് ...സേവനമോ അതോ പീഡനമോ ?

നാല് ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസവായ്പ്പകള്‍ക്ക് യാതൊരു ഇടും വ്യവസ്ഥകളും ആവശ്യപെടരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്ക് നിലപാടും പാടെ അവഗണിക്കുകയാണ് സര്‍വ്വ ബാങ്കുകളും 

പൊതുജനത്തിന്റെ ധനം സമാഹരിച്ചു വളര്‍ന്നു പന്തലിക്കുന്ന  പൊതുമേഖലാബാങ്കുകള്‍ ഓരോ ഭാരതീയനെയും  കൊന്നൊടുക്കാന്‍ ആണോ സ്ഥാപിച്ചിരിക്കുന്നതെന്നു സംശയിച്ചു പോകുത്തക വിധമാണ്  പ്രവര്‍ത്തിക്കുന്നത് . . സാധാരണക്കാരന്റെ  ബാങ്കേന്നു  പരസ്യവാചകം ചെയ്യുന്ന ഇവറ്റകളുടെ അകത്തളങ്ങളിലേക്ക്  കടന്നു ചെല്ലുന്ന സാധാരണക്കാരെ  യാചകരേ പോലെ ആട്ടി പായിക്കുകയാണ് പതിവ് .  ഇത്തരം ബാങ്കുകള്‍ക്കു വേണ്ടത് സാമ്പത്തിക  ഭദ്രതയുള്ള  സര്‍ക്കാര്‍ ജീവനക്കാരെയും വ്യവസായ ഭീമന്മാരെയും മാത്രമാണ് അവര്‍ക്ക് ഊഷ്മളമായ സ്ഥികരണം അവര്‍ക്കുമുന്നില്‍ ഉദാരമായ വായിപ്പാ വ്യവസ്ഥകളൂമായി ലോക്കറുകള്‍ തുടന്ന് കിടക്കുന്നു .

കഴിഞ്ഞ സാമ്പത്തിക മാന്ദ്യകാലത്ത് ഇന്ത്യയില്‍ പൊതുമേഖലാ ബാങ്കുകളില്‍ വായ്പ്പ നല്ക്കാതെ കെട്ടിവച്ചിരുന്നതു എഴുപത്തിയഞ്ചു ആയിരം കോടി രൂപയായിരുന്നു കൂടാതെ നിഷ്ക്രിയ ആസ്തിയായി   കെട്ടികിടക്കുന്ന രണ്ടായിരത്തിലേറെ  കോടി രൂപയുടെ നിക്ഷേപവും. ഇതിനൊപ്പം  വര്ഷാവര്ഷം ആയിരക്കണക്കിന് കോടിയുടെ അറ്റാദായവും നേടുന്ന   ബാങ്കുകള്‍ ഓരോ ഭാരതീയനും വേണ്ടി ചെയ്യുന്ന നിസ്തുലമായ സേവനങ്ങള്‍ ഓര്‍ക്കണം

ഉള്ളവന് വീണ്ടും വീണ്ടും സമ്പത്ത് വളരട്ടെ ഇല്ലാത്തവന്‍ ചത്തു തുലയട്ടെ എന്ന പൊതുമേഖലയുടെ  പൊതുതത്വവും സര്‍ക്കാരിന്റെ  വികലമായ  നയസമീപനങ്ങളും കൊണ്ടാണ് സ്വകാര്യമേഖല ബാങ്കുകളും കൊള്ള പലിശക്കാരും പാവപ്പെട്ടവന്റെ നേരെ കൊലവറി നടത്തുന്നത് . ജീവിതകാലം മുഴുവന്‍ അപമാനത്തിന്റെ ഭയപാടിന്റെ  കഷ്ടപാടിന്റെ  വേദനകള്‍ അനുഭവിക്കാന്‍ ഒരു ജനതയെ എറിഞ്ഞുകൊടുക്കുന്നതെപ്പോഴും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളാണ് .

ജീവിതനിലവാരം അല്പം മെച്ചപ്പെടുത്താന്‍ , ഒരു വാഹനം വാങ്ങാന്‍ , കച്ചവട നടത്താന്‍, വിദ്യാഭ്യാസം ചെയ്യാന്‍ , മകളെ വിവാഹം ചെയ്തയക്കാന്‍ ഒന്നാഗഹിക്കുന്ന ഒരാള്‍ ശപിക്കപ്പെട്ടവനാണെന്നറിയുന്നത്‌ അയാള്‍ക്ക്‌   നേരെ നീണ്ടു വരുന്ന ഒരിക്കലും കിട്ടാത്ത കൂറേ കടലാസുകളും  ഉത്തരമില്ലാത്ത  ചോദ്യങ്ങളും സാധിക്കാത്ത കുറെ വ്യവസ്ഥകളും കാണുമ്പോഴാണ്. ഒരാള്‍ക്ക് എങ്ങനെ വായ്പ്പ  നല്ക്കാം എന്നതിലുപരി എങ്ങനെ വായ്പ്പ നല്ക്കാതിരിക്കാം എന്നതിലാണ് മാനേജര്‍മാരുടെ ഗവേഷണം. ഇങ്ങനെ നമ്മുക്കുകിട്ടെണ്ട ന്യായമായ  അവകാശങ്ങള്‍ പലതും നിഷേധിക്കപെടുകയാണ് 

എനിക്കുണ്ടായ മൂന്ന് വ്യത്യസ്ഥ അനുഭവം കുറിക്കാം , ഇതില്‍ വല്യ പ്രധാന്യമൊന്നുമില്ല

രംഗം ഒന്ന് : 

വീടിനടുത്തായി ഒരു പുതുതലമുറ ബാങ്ക് പുതിയ ശാഖ തുറന്നപ്പോള്‍   ആദ്യ ആഴ്ചയില്‍ വരുന്ന വ്യക്തികള്‍ക്ക് പരിച്ചക്കാരുടെ (ഇന്‍ട്രോഡ്യൂസ്)   സഹായമില്ലാതെ അക്കൗണ്ട്‌  തുറക്കാനുള്ള സൗകര്യം സൌജന്യമായി നല്ക്കുമെന്നു പരസ്യം നല്‍കി. സകലമാന സൌജന്യങ്ങളും കണ്ടു മോഹിച്ച പുണ്യാളന്‍    തിരക്കൊഴിഞ്ഞ എട്ടാം ദിവസം അവിടെ കടന്നു ചെന്നു  ഒരപേക്ഷ വാങ്ങി,  കൂടെ   ആരുണ്ട്   ഇന്‍ട്രോഡ്യൂസ് ചെയ്യാനെന്ന ചോദ്യത്തിന് കൈമലര്‍ത്തി കാട്ടി  , പരസ്യത്തിന്റെ കാലാവധി  കഴിഞ്ഞു ഇനി ആളെ വേണം പോലും.  ഇതെന്തു ന്യായം ഇന്നലെ വരെ വേണ്ടായിരുന്നല്ലോ ഇന്ന് കൂടെ എന്ത് കൊണ്ട് ആയി കൂടാ അത്രയ്ക്ക് നിര്‍ബന്ധമാണേ  ആ ലിസ്റ്റ്  ഇങ്ങു തരൂ ആരൊക്കെ  അതില്‍ ഉണ്ടെന്ന്  നോക്കട്ടെ എന്നായി പുണ്യാളന്‍ . അല്ലാതെ ആരോടെന്നായി  ചോദിക്കും. ഉദ്ദ്യോഗസ്ഥര്‍ തരാനുള്ള ഭാവമില്ലാതെ റൂള്‍സ് പറഞ്ഞു എന്നെ വിരട്ടാന്‍ തുടങ്ങി എങ്കില്‍ റൂള്‍സ്‌ കുറച്ചു എനിക്കുമറിയാം  പുണ്യവാളനാകെ   ശുണ്ടി കയറി കഴിഞ്ഞ നൂറിലേറെ വര്‍ഷമായി  ഈ നാട്ടില്‍ ജീവിക്കുന്ന കുടുംബത്തിലെ അവസാന കണ്ണിയായ എനിക്ക്   നിങ്ങളാണ്  ആരാ എന്താ എന്ന്  പരിചയപ്പെടുതെണ്ടാതെന്നു പറഞ്ഞ ശേഷം നിശബ്ദനായി അപേക്ഷ മുഴുവന്‍ പൂരിപ്പിച്ചു

മാനജേരുടെ റൂമിലേക്ക്‌ കടന്നു   അപേക്ഷ നീട്ടി  പറഞ്ഞു , എനിക്ക് ഒരു അക്കൗണ്ട്‌ വേണം . പുറത്തിരിക്കുന്ന ജീവികള്‍ എന്തോകെയോ പറയുന്നു . എന്റെ കൈയില്‍ പാസ്പോര്‍ട്ട് , പാന്‍ കാര്‍ഡ് , ഇലക്ഷന്‍  തിരിച്ചറിയല്‍ രേഖ ,  ഡ്രൈവിന്‍ ലൈസന്‍സ് തുടങ്ങി കേന്ദ്ര കേരള സര്‍ക്കാരുടെ സകലമാന രേഖകളുമുണ്ട് ഇനി വല്ലതും വേണോ അതും തരാം  കൂടാതെ നൂറിലേറെ വര്‍ഷമായി നാട്ടില്‍ ജീവിക്കുന്ന കുടുംബത്തിലെ അംഗവും എനിക്ക് അക്കൗണ്ട്‌ തരില്ലന്നോ...? എങ്കില്‍ എന്താ കാരണമെന്ന് ഈ അപേക്ഷയിലോന്നു എഴുതി നല്ക്കിയെ ! ഉടന്‍ അയാള്‍ അപേക്ഷ വാങ്ങി ഇരിക്കാന് പറഞ്ഞു...( പക്ഷെ ആ ബാങ്കിലെ അക്കൗണ്ട്‌ വേണ്ട എന്ന് വച്ചത് ചരിത്രം ) ( മാനേജര്‍ക്ക് യുക്തിക്ക് നിരക്കുന്ന രേഖകള്‍  പരിശോദിച്ചു നടപടി എടുക്കാം എന്നാണു വ്യവസ്ഥ പക്ഷെ ആരും അത്തരം മാര്‍ഗ്ഗം സ്ഥികരിക്കില്ല )

രംഗം രണ്ടു : ഉടന്‍ ഒരു ചെക്കിന്റെ ആവശ്യതയുമായി ഒരു പൊതുമേഖലാ ബാങ്കില്‍ അക്കൗണ്ട്‌  തുടങ്ങി ചെക്ക്‌ ആവശ്യപെടുമ്പോഴുണ്ട്  ഉടക്ക് എന്ത് പോലെ വന്നാലും ഉടന്‍ ചെക്ക്‌ അനുവദിച്ചു നല്ക്കില്ല .ആയിരക്കണക്കിന് രൂപ ബാങ്കില്‍ ഇപ്പോ തന്നെ നിക്ഷേപ്പിച്ചു  ട്രാന്‍സാക്ഷന്‍ ചെയ്തു കാണിച്ചു തരാമെന്നു തുടങ്ങി  പല വിധ വാഗ്ദാനങ്ങളും നടത്തി നോക്കി .പക്ഷെ  എന്ത് പോലെ വന്നാലും ആറുമാസം കഴിയാതെ ചെക്ക്‌ തരുന്ന പ്രശ്നം ഇല്ലേ ഇല്ലാ എന്നവര്‍ തറപ്പിച്ചു പറഞ്ഞു . നിരാശനായി പുറത്തിറങ്ങി സമീപത്തെ   സ്വകാര്യ ബാങ്കിനെ സമീപിച്ചു കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് ബഹുത്ത് സന്തോഷം   അവര്‍   നല്‍കിയ  ലിസ്റ്റില്‍ നിന്നുള്ള സുഹൃത്തില്‍ നിന്നും സൈന്‍ വാങ്ങി ഉടന്‍ അക്കൗണ്ട്‌ തുടങ്ങി ചെക്കും വാങ്ങി .... ഒരേ നാട്ടില്‍ പല ബാങ്കുകള്‍ക്കു പല നിയമം ....

രംഗം മൂന്ന് : ബാങ്കിന്റെ എ ടി എം കേടായത് വഴി പതിനായിരം രൂപ ഒരിക്കല്‍   ഒരു മാസത്തോളം ബ്ലോക്ക്‌ ആയി ഇരുന്നു.  പന്ത്രണ്ടു ദിവസത്തിനു മുന്നേ പണം മടക്കി നല്ക്കിയില്ലാ എങ്കില്‍ ഉപഭോക്താവിന് നൂറു രൂപ ദിവസം നല്‍കണമെന്നാ റിസര്‍വ് ബാങ്ക് ചട്ടം പക്ഷെ എനിക്ക് ഒരു രൂപാ കിട്ടിയില്ല അവര്‍ക്ക് കിട്ടാനുള്ള രൂപ ചോദ്യം പോലുമില്ലാതെ വലിച്ചെടുത്ത് കൊള്ളൂം മറ്റുള്ളതൊക്കെ സ്വാഹാ ........

ഓരോ വര്‍ഷവും ഇത്ര ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വായ്പ്പ നല്ക്കണം എന്ന വ്യവസ്ഥ മറികടക്കുന്നതു ഭൂമിയുള്ളവന്റെ കരം തീരുവ രസീത് വാങ്ങി കുറഞ്ഞ പലിശയിനത്തില്‍ വായ്പ്പ ഗോള്‍ഡ്‌ ലോണ്‍ ഇവ നല്‍കും . ശേഷം  വലിയ തോതില്‍ കാര്‍ഷിക വായ്പ്പ നല്‍ക്കുന്ന   ബാങ്ക് ഇതാ ഞങ്ങളാണെന്നവകാശവാദവും  യഥാര്‍ത്ഥ കര്‍ഷകന് ഒരു രൂപ കിട്ടില്ല . കാര്‍ഷിക ലോണ്‍ നല്‍ക്കുന്നത് തന്നെ കൃഷിയെ വ്യവസായമാക്കിയ കാര്‍ഷിക മുതലാളിമാര്‍ക്കാണ് എന്നും മുന്‍ഗണന. കൃഷി ജീവനോപാതിയായ കര്‍ഷകന് ലോണ്‍ കിട്ടില്ല .ഉന്നത വിദ്യാഭ്യാസ മേഖലകളിലും പ്രൊഫഷണല്‍ കോഴ്സുകളില്‍ പോലും   ചിലതിനോട്  അയിത്തം , വിമിഷ്ടം. നഗരഹൃദയത്തില്‍ ആണേലും സെന്റിന്  മതിപ്പു വില പത്തുലക്ഷം കടന്നാലും ശരി  നാലില്‍ ഒന്ന് വിശാലമനസുണ്ടേ കിട്ടും അതും  ഭാഗ്യം പോലെയിരിക്കും  ........


പലവിധ നിരക്കുകള്‍ വഴി സാധാരണകാരനെ  പിഴിഞ്ഞെടുക്കുന്ന രൂപയാണ് വാര്ഷിക ബാലന്‍സ് ഷീറ്റില്‍ ലാഭകണക്കായി പുറത്തു വിടുന്നത് . നമ്മുടെ പൊതു മേഖലാ ബാങ്കുകള്‍ക്കു ഇത്രയും ലാഭാകണക്കിന്റെ ആവശ്യം ഉണ്ടോ ? എന്നാലും പൊതുവേ  ഇവറ്റകളുടെ സംസ്കാരനിലവാരം ഒട്ടും വര്‍ദ്ധിക്കുന്നുമില്ല     പത്തു ലക്ഷം വാങ്ങാനെത്തുനവനെ ഇരുത്തിയെ സംസാരിക്കു ഒരു ലക്ഷം വാങ്ങാനെത്തുനവന്‍ പുറത്തു നില്‍ക്കേണ്ടവനാണ്. ഈ സാമൂഹിക വ്യവസ്ഥയില്‍  ജീവികേണ്ടി വരുന്നതിനെ ഓര്‍ത്തു ദുഖിക്കുന്നു ഇനിയും ഇതു പോലുള്ള അരുംകൊലകളുടെ കഥകള്‍ കേള്‍ക്കാതെ ഇരിക്കട്ടെ .....!!

വാല്‍കഷണം : പണത്തിനു മേലെ  പരന്തും  പറക്കില്ല എന്നത് വാസ്തവം തന്നെ പണമില്ലത്തവന്‍  എന്നും പിണവും  

ഇതു കൂടെ നോക്കിയിട്ടേ പോകാവേ 

തിങ്കളാഴ്‌ച, മാർച്ച് 19

പ്രഖ്യാപനങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍


സാധാരണക്കാനു വേണ്ടിയാണെന്ന ഭാവേന   നിയമസഭാകക്ഷികള്‍ തമ്മില്‍  സഭയില്‍   അരങ്ങേറുന്ന അസാധാരണമായ ഏറ്റുമുട്ടലുകള്‍    സാധാരണക്കാരന്റെ സകല സമാധാനമാണ് ഇല്ലാതെയാക്കുന്നത് .

അങ്ങനെ ഇന്നവസാനം  ബജറ്റിനോപ്പം കുറേ ദിവസത്തേക്കുള്ള യുദ്ധപ്രഖ്യാപനങ്ങളും കൂടെ  സഭയില്‍ നിന്നുമുയര്‍ന്നു കേട്ടൂ എവിടെയൊക്കെയാവണം  പ്രക്ഷോഭസമരങ്ങളും  കല്ലേറും  ലാത്തിച്ചാര്‍ജുകളൂമെന്നും എന്നോകെവേണം   ഹര്‍ത്താലുകളുമെന്നും ഇനി തീരുമാനിച്ചാല്‍ മതി .

നയപ്രഖ്യാപനം നടത്താനുള്ള അവകാശവും അധികാരവും സര്‍ക്കാരുകളിലിരിക്കുമ്പോള്‍   അതു തടസപ്പെടുത്തുന്നതിനുവേണ്ടിയുള്ള സഭയിലെ  അപ്രായോഗികമായ ഇടപെടലുകള്‍ അപലപനീയമായിയെന്നു വീണ്ടും പറയേണ്ടി വരുന്നത്‌ ഖേദകരമാണ് . വര്‍ഷത്തില്‍ അല്പകാലം ഒത്തുചേരുന്ന സഭയില്‍   തുടര്‍ച്ചയായി നടപടികള്‍ തടസപ്പെടുത്തി കലാപമുണ്ടാക്കുന്ന പ്രതിപക്ഷങ്ങളുടെ പ്രവണത അവസാനിപ്പിക്കുവാന്‍ അംഗങ്ങളുടെ അവകാശങ്ങളും അഭിപ്രായങ്ങളും ഹനിക്കപ്പെടാതിരിക്കുന്ന ഒരുവ്യവസ്ഥ കൊണ്ടുവരുകയോ ഉണ്ടെങ്കില്‍ അതു കര്‍ശനമായി നടപ്പാക്കുകയോ വേണമെന്ന് പുണ്യവാളന്‍ ആഗ്രഹിക്കുന്നു .

കാലാകാലങ്ങളായി ബജറ്റ്‌ എന്നത് ഉല്പനവിലനിലവാരം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന വെറും ഒരു പ്രക്രിയയായി മാറിയിരിക്കുന്നു .സര്‍ക്കാരുകളുടെ വരുമാന വര്‍ധനവിന് വേണ്ടി കുറെ നികുതികള്‍ വര്‍ദ്ധിപ്പിക്കുകയും . ജനപ്രിണനത്തിനു വേണ്ടി കുറെയൊക്കെ എടുത്തു കളയുകയും ചെയ്യും .ഫലത്തില്‍ നികുതി ക്രമികരണമല്ല അസമത്വവും അഴിമതിയുമാണെങ്ങും . വില്പനനികുതിയുടെ അടിസ്ഥാനതിലാണ് ഗവര്‍മെന്റുകളുടെ നിലനില്പെന്നതിലൂന്നി തന്നെ പറയുന്നു നികുതിവര്‍ദ്ധനവല്ലാതെ ധനസമാഹരണത്തിനായുള്ള മറ്റൊരു മാര്‍ഗ്ഗം ഫലപ്രദമായി നടപ്പാക്കാന്‍ ആവില്ല എന്നുണ്ടോ ? അതോ അതിനുള്ള ആര്‍ജ്ജവം ഇല്ലാതെ പോകുന്നതാണോ ? ആവോ 


ഇന്ന് സഭയില്‍ അവതരിപ്പിച്ച മാണി ബജറ്റ്‌  റെക്കോര്‍ഡു സ്ഥാപിച്ചും ചരിത്രം സൃഷ്ടിച്ചും  അനവധിനിരവധി  പ്രഖ്യാപനങ്ങള്‍ കൊണ്ടും സമ്പൂഷ്ടമായാതിനോപ്പം  അതില്‍  സുന്ദരമായ സ്വപ്നങ്ങളും നിറയെ വാഗ്ദാനങ്ങളുമുണ്ട്

അങ്ങനെ അവതരിപ്പിച്ച ബാജറ്റിലൂടെ പരോക്ഷമായി നനാതുറകളില്‍ പെട്ടവരുടേയും ജീവിതത്തില്‍ നുഴഞ്ഞു കയറിയ വിലകയറ്റമെന്ന ഭീകരന്‍  കൂടുതല്‍ പിടിമുറുക്കുകയാണ് ചെയ്യുക 

അതു പോലെ തന്നെ പെന്‍ഷന്‍ പ്രായം ഏകീകരണത്തിന്റെ പേരില്‍ തന്ത്രപരമായി പെന്‍ഷന്‍ പ്രായം  ഉയര്‍ത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല . അതുവഴി സര്‍ക്കാരിനുവല്ല നേട്ടവും ഉണ്ടാക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അതുവെറും താല്‍ക്കാലികം മാത്രമായിരിക്കുമെന്നാണെന്റെ നിഗമനം .ക്രയശേഷി കുറഞ്ഞു വരുന്ന ഇത്തരം ജീവനക്കാരന്‍ വീണ്ടും വന്‍ ശമ്പളം പറ്റി  ഇരുന്നു നിരങ്ങി കസേര ഒടിച്ചുകളയുമെന്നതിനപ്പുറം നാടിനിവരെ കൊണ്ടൊരു പ്രയോജനവുമുണ്ടാകുകയില്ല. പകരം അടിസ്ഥാന  ശമ്പളത്തില്‍കടന്നു കൂടുന്ന ചെറുപ്പകാര്‍ ചുറുച്ചുറുപ്പോടെ സാമൂഹിക പ്രതിബദ്ധത  നിലനിര്‍ത്തുമെന്നു പ്രതീക്ഷിക്കുക എങ്കിലുമാക്കാം . പുതിയ കാലഘത്തില്‍ മാനേജ്‌മന്റ്‌ തന്ത്രം തന്നെ ക്രയശേഷി കുറഞ്ഞ വയസന്മാരെ ഒഴുവാക്കുക എന്നതാണ് 

കേരളത്തിന്റെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു നില്‍ക്കുന്നു എന്ന സര്‍വ്വേ റിപ്പോര്‍ട്ട് തലേദിവസം പുറത്ത് വിടുന്ന സര്ക്കാര് തന്നെ ഇന്നിങ്ങനെ ഒരു പ്രഖ്യാപനം നടത്തിത്  ഞെട്ടലുണ്ടാക്കുന്നു . കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള സകലമാന സര്‍ക്കാര്‍ കാര്യാലയങ്ങളിലും ആയിരകണക്കിന് ഒഴുവുകള്‍ നിലനില്കുമ്പോഴും , പി.എസ്.സി യുടെ കനിവ് തേടി ലക്ഷകണക്കിനു യുവതി യുവാക്കള്‍ കാത്തിരിക്കുമ്പോള്‍ സകലമാനമേഖലകളിലും കരാര്‍ ജീവനക്കാര്‍ പണിയെടുമ്പോഴുമാണ് ഇതിനൊന്നും ഒരു പരിഹാരവും കാണാതെ ജനദ്രോഹകരമായ ഈ നടപടി സ്ഥികരിക്കുന്നത് നിര്‍ഭാഗ്യകരമാണ് . 

വാല്‍ക്കഷണം: കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും എതൊരു സര്‍ക്കാര്‍ എന്തൊകെ   വാരി കൊടുത്തിരുന്നാലും  ക്രൂരമായി പൈശ്ചാചികമായി  മദ്യത്തിനും സിഗരറ്റിനും വിലവര്‍ദ്ധിപ്പിക്കും കേരളത്തിലെ ഭൂരിപക്ഷം വരുന്ന ലഹരി ഉപഭോക്താക്കള്‍ ഈ  വേദനകള്‍  ആരോട് പറയും .അവര്‍ക്ക് ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലല്ലോ   !! 


സുഹൃത്തുകളെ അല്പം കൂടി ബജറ്റ് വിശകലനം ചെയ്യാന്‍  ഉണ്ടായിരുന്നു , അവിചാരിതമായി ഉണ്ടായ കാരണങ്ങളാല്‍   പകുതിക്ക് നിര്‍ത്തുന്നു  വരുന്ന രണ്ടു ദിവസം ഓണ്‍ലൈന്‍ ഉണ്ടായി എന്ന് വരില്ല അതിനാല്‍ പോസ്റ്റുന്നു ....ക്ഷമിക്കുമല്ലോ !

വ്യാഴാഴ്‌ച, മാർച്ച് 8

കാണാനാവുന്നതും കാണാതെ പോകുന്ന ചിലതും



നാടാകെ ഉത്സവലഹരിയിലാണ് ,സകലമാന ഉത്സാഹക്കമ്മിറ്റികളും ഉത്സാഹത്തിമിര്‍പ്പിലും!.. തിരുവനന്തപുരത്തിന്‍റെ ദേശീയ മഹോത്സവമാണ് ഇന്ന് ! അനന്തപുരിയെ ഒരു യാഗശാലയാക്കിയ , ജനലക്ഷങ്ങള്‍ അണിനിരന്ന സ്ത്രീകളുടെ ശബരിമലയെന്നു പുകള്‍പെറ്റ ആറ്റുകാല്‍ പൊങ്കാല, നഗരവീഥികള്‍ ഭക്തി പതഞ്ഞൊഴുകിയ നിറകലങ്ങളുടെ പുണ്യമറിഞ്ഞു . കുംഭച്ചൂടില്‍ നഗരം ചുട്ടു പൊള്ളുമ്പോള്‍ ഹോമകുണ്ഡത്തിന്‍റെ അഗ്നിച്ചിറകുകള്‍ തലോടി ത്യാഗമതികളായ വനിതാ രത്നങ്ങള്‍ നിവേദ്യങ്ങള്‍ സ്വയമര്‍പ്പിച്ചു മടങ്ങി .

നഗരപ്രമാണൃത്തിന്റെ സമര്‍പ്പണവും   സര്‍വ്വമതമൈത്രിയുടെയും സമത്വ സഹോദര്യത്തിന്റെയും  ഒത്തുചേരലിന്റെയും മകുടോദഹരമാണിതെന്നും. പാമരന്‍ മുതല്‍ പണ്ഡിതന്‍ വരെ സേവനസന്നന്ദനായ ഒരു ദിനം .സമസ്ഥ  തൊഴിലാളി സംഘടനകളും സ്ഥാപനങ്ങളും പ്രമാണിമാരും സന്നന്ദസേവന സംഘങ്ങളും സഹായഹസ്തവുമായി    ഭക്ഷണ വിതരണ മേല്‍നോട്ടം ഏറ്റെടുത്തു ഈ ആനന്തശൃഖലയുടെ ഭാഗഭക്താകും. അന്നം ബ്രഹ്മം ആണ് അന്നദാനം സര്‍വ്വദാപ്രധാനവും അതിനാല്‍ അതൊരു അവകാശമായും ആവേശവുമായാണ് നഗരവാസികള്‍ ഇപ്പോള്‍ കണക്കാക്കുന്നത് .

പൊങ്കാലയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് മാസങ്ങള്‍ മുന്നേ തുടങ്ങുന്ന ഒരുക്കങ്ങളാണ് അക്കാലത്തും അവരുടെ കുശലന്വാഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിശേഷവും പൊങ്കാല തന്നെ. കരുണ്യത്തിനെ നിറകുടമായ അമ്മയെ തൊഴുതു ആത്മസമര്‍പ്പണത്തിന്റെ സായൂജ്യം . അനുഭവിക്കാനോരോ പൊങ്കാല നാളിലും  അവര്‍ ഒത്തു കൂടും. 

വ്രതശുദ്ധിയോടെ അമ്മമാരും സഹോദരിമാരും  വീടും കുഞ്ഞുങ്ങളെയും അടുകളയുടെ ചുമതലയും ഭര്‍ത്താവിനെ ഏല്‍പ്പിച്ചു രാവിന്റെ ആന്ത്യയാമത്തില്‍ യാത്രക്കൊരുങ്ങുമ്പോള്‍ അവരെയും കാത്തു നഗരപ്രാന്തപ്രദേശങ്ങളില്‍  പോലും യാത്രവാഹനങ്ങള്‍  സര്‍വാങ്കം അലങ്കരിച്ചു തയ്യാറായിരിക്കും  സുരക്ഷിതവും സൌജന്യവുമായ യാത്ര വാഗ്ദാനം ചെയ്തു.  ആറ്റുകാല്‍ അമ്മയുടെ പുണ്യം തേടിയെത്തുന്നവരെ    ക്ഷേത്രപരിസരത്തെ വീടുകളും സ്ഥാപനങ്ങളും സകല വാതായനങ്ങളും തുറന്നിട്ടവരെ സ്ഥീകരിക്കാന്‍ സകലസന്നാഹങ്ങളുമൊരുക്കി കാത്തിരിക്കുന്ന കാഴ്ച മറ്റൊരിടത്തും കാണാന്‍ ആവില്ല  . 

പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നാല്‍ പുക ചുഴികള്‍ക്കിടയില്‍ ആശ്വാസവുമായി  ചായയും  ഇഡ്ഡലി , ഇടിയപ്പം , ഉപ്പുമാവ് , പഴം , വട  തുടങ്ങിയ സമൃദ്ധമായ പ്രഭാത പ്രാതല്‍ വിഭവങ്ങളും വിതരണം ചെയ്യും. . പൊങ്കാല തിളച്ചിറക്കി കഴിയുമ്പോഴേക്കും വിഭവ സമൃദ്ധമായ ഊണൂം  , വെജിറ്റബിള്‍ ബിരിയാണിയും  ശുദ്ധജലവും. ശേഷമാണ് വിശ്രമം  . നിവേദ്യം നേദിച്ചിറക്കി മടക്കയാത്രയ്ക്കൊരുങ്ങുമ്പോള്‍ അതെ വാഹനങ്ങള്‍ വീണ്ടും   തയ്യാര്‍. യാത്രാമദ്ധ്യേ ഫലവര്‍ഗ്ഗങ്ങളും ശീതള പാനീയങ്ങളും നല്‍ക്കാന്‍  വാഹനം തടഞ്ഞു നിര്‍ത്തിയുള്ള സ്ഥീകരണം.

വീട്ടില്‍ എത്തി നിവേദ്യം വീട്ടാര്‍ക്കും നാട്ടാര്‍ക്കും പകര്‍ന്നു കൊടുക്കുമ്പോള്‍ ഉണ്ടാക്കുന്ന സംതൃപ്തിയില്‍ സന്തോഷത്തില്‍  കഷ്ടപ്പാടൊക്കെ മറക്കും വീണ്ടും ഇതേ   സുഖാനുഭവത്തിനായവരുടെ മനസുകള്‍  കൊതിക്കും !!

മണ്‍കലം ഭൂമിയായും അരിയും മറ്റു സാധനങ്ങളും വായു , ജലം , ആകാശം അഗ്നി എന്നിവയായി സങ്കല്‍പ്പിച്ചാല്‍ അത് കൂടി ചേരുമ്പോള്‍ കിട്ടുന്ന ആനന്ദമാണ് പൊങ്കാലയുടെ  നിര്‍വൃതി. ഈറന്‍ വസ്ത്രത്തോടെ സൂര്യന് അഭിമുഖമായി നിന്ന് ഭക്തിയില്‍ സ്വയം മറന്നു നില്‍ക്കുമ്പോള്‍ സ്വന്തം ആത്മാവിലും ശരീരത്തിലും അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ പോലും മാറികിട്ടും അത് ശാസ്ത്രം  !!

****
ഇത്രയും കാണാന്‍ ആവുന്നത് കാണാതെ പോകുന്ന ചിലത് കൂടി ഈ വിശേഷ  ഉത്സവത്തിനു പിന്നിലുണ്ട് ഇപ്പോള്‍ അതിനു വല്ലാത്ത പ്രാധാന്യവും അതില്‍ പ്രാഗല്‍ഭ്യം നേടിയ ചിലരുമുണ്ട് . ഇത്തരം വിശേഷം അവസരങ്ങള്‍ വിദഗ്ദ്ധമായി   ഉപയോഗിക്കുന്ന ഒരു ജനവിഭാഗം ഇവിടെ വളര്‍ന്നു വരുന്നതിന്റെ കാരണം വിലകയറ്റമോ ദാരിദ്രമോ എന്ന് കരുതാന്‍ ആവില്ല കാരണം സാമാന്യം സാമ്പത്തിക സ്ഥിതിഗതികള്‍ ഉള്ള വീട്ടുകാര്‍ക്കാണിതിനോകെയുള്ള വല്ലാത്ത  താല്പര്യവും . ക്ഷേത്രങ്ങളെ ചുറ്റിപറ്റി വളരുന്ന ചെറുകിട മാഫിയ ഗ്യാങ്ങുകള്‍  എന്ന് ഞാന്‍ ഇവരെ വിളിക്കും. ഉത്സവകാലമായാല്‍ ഇവര്‍ സംഘടിക്കും ശേഷം തീര്‍ഥാടനം പോലെ ക്ഷേത്രദര്‍ശങ്ങള്‍ എന്ന ലേബലില്‍ ചുറ്റികറങ്ങുന്നവരുടെ  ലക്‌ഷ്യം അന്നദാനമാണ്  അവര്‍ക്ക് കഴിക്കാന്‍ ആവുന്നത്ര കഴിച്ചു ശേഷം പാഴ്സല്‍ കെട്ടി മടങ്ങുന്നവര്‍ അതിനു വിപുലമായ പാത്രങ്ങളും സഞ്ചികളും കൂടെ കൊണ്ട് പോകുന്ന ശ്രീമതികള്‍  ക്ഷേത്രാന്കണത്തില്‍ ഇതിനോക്കെ വേണ്ടി  വഴക്കിനും വയ്യാവേളികള്‍ക്കു പോലും ഒരുങ്ങാറുള്ളത് നിത്യ കാഴ്ചയാണ് . 

ആറ്റുകാല്‍ പൊങ്കാല അവസരവും ഇത്തരക്കാര്‍  വിദഗ്ദ്ധതമായി ഉപയോഗിച്ചു   കഴിഞ്ഞ കുറെ കാലമായി പൊങ്കാലയ്ക്ക് വരുന്ന ചില സ്ത്രീകള്‍ പാത്രം  മുതല്‍ വലിയ സഞ്ചികളും കുപ്പികളും കൊണ്ട് വന്നു ശീതലപാനീയങ്ങള്‍ മുതല്‍  , തണ്ണിമത്തന്‍ , പഴം , വട ചോറ് പൊതികള്‍ ബിരിയാണി പൊതികള്‍ ഫലവര്‍ഗങ്ങള്‍ തുടങ്ങി സൌജന്യമായി കിട്ടുന്നതെന്തും വാങ്ങി കെട്ടി അതിനേക്കാള്‍ വിശേഷം ഇതൊകെ ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ വാഹനങ്ങള്‍ കൊണ്ട് വന്നു കൊണ്ട് പോകാന്‍  എക്സിക്യൂട്ടിവ്  ലുക്കിലുള്ള പുരുഷകേസരിമാരുടെ നിര വരുന്ന കാഴ്ച  അത്ഭുത പരതന്ദ്രനായി നോക്കി നില്‍കുമ്പോ സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാന്‍ ആവുന്നില്ല. കലവും പൊങ്കാലയും സംരക്ഷിക്കുവാനും പിറകെ ക്യൂ നില്‍ക്കുവാനും വീട്ടിലെ ചെറിയ പെണ്ണ് കുട്ടികളെയും ഇത്തരക്കാര്‍ കൂടെ കൂട്ടാര്‍ ഉണ്ട് . പൊങ്കാല കിറ്റുകള്‍ മുതല്‍ വീടിന്റെ പടിക്കല്‍ എത്തുന്നതുവരെ ചിലവുകള്‍  സൌജന്യം കൂടെ ബോണസായി പൊതികെട്ടുകളും കിട്ടുമ്പോ ഓരോ പൊങ്കാലയും ആഘോഷമാക്കാന്‍ ഇവരെന്തിനു മടിക്കണം അല്ലെ .

ഓരോ വര്‍ഷവും ലക്ഷം ലക്ഷം ഭക്തര്‍ വര്‍ദ്ധിക്കുന്നു എന്ന് പറയുമ്പോള്‍ അന്നം ലഭിക്കാതെ വിശപ്പോടുകൂടെ മടങ്ങി പോകുന്നവര്‍ ആയിരക്കണക്കിന് സ്ത്രീജനങ്ങള്‍ ആയിരിക്കും എന്ന വസ്തുത ഓര്‍ക്കുമ്പോഴാണീ അത്യാര്ത്തിയുടെ സങ്കടകരമായ അവസ്ഥ നാം ഓര്‍ത്തു പോകുന്നത് . കൊണ്ട് പോകുന്നതിന്റെ പകുതിയും ഇവര്‍ വെറുതെ പാഴാക്കി കളയുകയാവും പതിവ് .


നന്മ പ്രാര്‍ഥിച്ചു ചെല്ലുന്നിടത്   മറ്റുള്ളവരുടെ അന്നം തട്ടി എടുത്തു തിന്മ ചെയ്തു മടങ്ങുമ്പോള്‍ പണമാണ് ലാഭിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നത് പരമമായ ആനന്ദവും മോക്ഷപ്രപ്തിയുമല്ല ലക്‌ഷ്യം


ഇന്നെല്ലാം ഉത്സവങ്ങളും ആഘോഷങ്ങളും വാണിജ്യ താല്പര്യങ്ങള്‍ മുന്നോട്ടു വയ്ക്കുമ്പോ കച്ചവടക്കാര്‍ക്കും വഴിവാണിഭക്കാരുടെയും പിടിച്ചു പറിക്കാരുടെയും ഇടയില്‍ ഭക്തിയുടെ പേരില്‍ സംഘടിതമായ കൊള്ളയും നടന്നു വരുന്നത്  കലികാല വൈഭവം തന്നെ !!

വാല്‍ക്കഷണം  : സ്ത്രീകളുടെ ശബരിമല എന്നൊക്കെ  കേട്ടു  ദക്ഷിണ ഇന്ത്യക്കാര്‍  ഭക്തിപരവശ്യരായി ' വാങ്കോ അങ്കയും പാക്കലാം ' എന്നു   വരുന്നപക്ഷം മലയാളികള്‍ക്ക് സ്വന്തം വീട്ടില്‍ ഇരുന്നു പൊങ്കാല ഇടാന്‍ ഒരവസരം തെളിയും.. അവര്‍ ടെന്റു അടിച്ചു താമസിക്കും എന്നതിനാല്‍  ആഴ്ചകള്‍ നഗരത്തിലേക്ക് കടക്കാന്‍ ആവില്ല എന്നേ വരൂ ...                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                       

വ്യാഴാഴ്‌ച, ഡിസംബർ 29

ജീവിക്കാന്‍ വേണ്ടിയുള്ള സമരങ്ങള്‍


ഉള്ളതൊക്കെ കിഴികെട്ടി വഴി വക്കില്‍ തള്ളി, മാലിന്യനിര്‍മാര്‍ജനം സര്‍ക്കാരിന്റെ ചുമതലയാണെന്നും ധരിച്ചു  റോഡില്‍ ഇറങ്ങി  മൂക്കും പൊത്തി പഴിയും പറഞ്ഞു നടക്കാനുമാണ് മലയാളിക്ക് പ്രിയം ! 

ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍ ഇതൊരു ശരിയായ നിഗമനം ആണെന്ന് നിങ്ങള്‍ വിശ്വസിക്കുനുണ്ടോ ? 

ആരും ഒന്നും സ്വയമേ ചെയ്യില്ല. അതിനു ഒരു കാരണം വേണം പ്രരണ വേണം അനുസരിക്കാത്തവരെ അനുനയിപ്പിക്കാനും അനുസരിപ്പിക്കാനും ഒരു സംവിധാനം വേണം  .   എല്ലത്തിനും തരാത്തരം പോലെ  ജനത്തെയോ സര്‍ക്കാരിനെയോ വ്യവസ്ഥകളെയോ കുറ്റം പറഞ്ഞു സ്വയം പുണ്യാളന്‍ ചമഞ്ഞു  കൈകഴുകി സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് പലരും 

തിരോന്ത്വരത്ത് ചീഞ്ഞു നാറുന്നത്തില്‍  നഗരസഭയും സര്‍ക്കാരുമുണ്ട് . ഉണ്ടാക്കിയവര്‍ തന്നെ എല്ലാം അനുഭവിച്ചോളൂ എന്ന് പറഞ്ഞു കൈമലര്‍ത്തി. കുറ്റം മുഴുവന്‍ വിളപ്പില്‍ ശാലയിലെ സാധാരണ ജനത്തിനും അവിടെത്തെ പഞ്ചായത്തിനുമാണെന്നു വിളിച്ചു പറയാന്‍ ഇവര്‍ക്കൊന്നും ലവലേശം  ലജ്ജയുമില്ല .. ശുദ്ധവായുവും ജലവും സ്വസ്ഥമായ ജീവിതവും അവിടത്തുക്കാരുടെയും അവകാശമാണ് . മുല്ലപ്പെരിയാറില്‍ കേരളം അനുഭവിക്കുന്ന പോലെ ഒരു നീതി നിഷേധമാണ് വിളപ്പില്‍ ശാലയിലും അരങ്ങേറുന്നത് പലരും അതിനെതിരെ സൌകര്യപൂര്‍വ്വം കണ്ണടക്കുന്നു 

അമ്പതു ടണ്‍ മാലിന്യം സംസ്കരിച്ചു  വളമാക്കി മാറ്റുവാനാണ് വിളപ്പില്‍ശാലയില്‍ ഫാക്ടറി സ്ഥാപിച്ചതും  വളം സര്‍ക്കാര്‍ ഏറ്റെടുത്തു കൊള്ളാം എന്ന വ്യവസ്ഥയോടെ സ്വകാര്യ കമ്പനി പദ്ധതി ഏറ്റെടുത്തതും , എന്നിട്ടോ ആവശ്യത്തിന് മാലിന്യം ലഭിക്കുന്നില്ലയെന്നും വളം സര്‍ക്കാര്‍ എടുക്കുന്നില്ല എന്നും ആരോപിച്ചു സ്വകാര്യ കമ്പനി കരാര്‍ അവസാനിപ്പിച്ച്‌ രണ്ടായിരത്തില്‍ ഏഴില്‍ സ്ഥലം വിട്ടു , ശേഷമാണ് വിളപ്പില്‍ശാല ഒരു ദുരിതമായി മാറിയത് സംസ്കരണം നടക്കാതെ ടണ്‍  കണക്കിന് മാലിന്യം കുമിഞ്ഞു  കൂടി. സര്‍ക്കാര്‍ പിന്നെ അതിലൊന്നും ഒരു ശുഷ്കാന്തിയും കാട്ടിയതുമില്ല. പ്രതിഷേധിച്ച വിളപ്പില്‍ശാലകാര്‍ക്ക് പലവിധ ഉറപ്പുകളും വാഗ്ദാനങ്ങളും നല്‍കിയതല്ലാതെ  ഒന്നും നടപ്പിലാക്കിയില്ല . സഹികെട്ടാണവര്‍ കടുത്ത സമരപരിപാടികളുമായി മുന്നിട്ടു ഇറങ്ങിയത്   പ്രശ്നപരിഹാരത്തിനു അന്ത്യശാസനമായി നല്‍കിയ നൂറു ദിവസവും സര്‍ക്കാരും നഗരസഭയും  കൈയും കെട്ടിയിരുന്നു .വഴിതടയുമെന്നു പ്രഖ്യാപിച്ചിട്ടും  പരസ്പരം നോക്കിയതല്ലാതെ ഒന്നും ചെയ്തില്ല.

സര്‍വ്വകക്ഷിയോഗത്തിന്റെ  പുതിയ പദ്ധതി നടപ്പാക്കുന്നതിനു മൂന്ന് മാസം കൂടി നല്‍കണം എന്നുള്ള ആവശ്യം എത്ര ന്യായമാണെങ്കില്‍ പോലും വിശ്വസിച്ചു അനുവദിച്ചു  നല്‍ക്കാന്‍ ആര്‍ക്കും ആവില്ല .വിളപ്പില്‍ ശാല ജനം ഇക്കാര്യത്തില്‍ ഒറ്റകെട്ടാണ് അവര്‍ക്ക്‌ അവിടം മരണശാല ആക്കി മാറ്റാനുള്ള ഒരു ആഗ്രഹവുമില്ല . ഫാക്ടറി തുറപ്പിക്കാന്നുള്ള എതൊരു ശ്രമവും ജനം ഒത്തു ചേര്‍ന്ന് ചേര്‍ത്തു തോല്പ്പിക്കും  എന്ന സ്ഥിതി സംജാതം  ആയതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നോട്ട് പോയത് . ഇതേ  മാര്‍ഗ്ഗം ഇത്തരം നഗര മാലിന്യം വഹിക്കുന്ന   ഓരോ പ്രദേശത്തും    സമര കാഹളം ഉണര്‍ത്തും പ്രതിഷേധം ശക്തി പ്രാപിക്കും ഇതു  ജീവിക്കാനുള്ള സമരമാണ് .

നഗരസഭയുടെ കുഴിച്ചു മൂടല്‍ പ്രക്രിയ കൊണ്ട് പ്രശ്നപരിഹാരമല്ല കാര്യങ്ങള്‍ കുറെ കൂടി വഷളാകുകയാണ്.പലയിടത്തും സംഘര്‍ഷത്തിനും ചെറുത്തു നില്‍പ്പുകള്‍ക്കും ഇതു കാരണമാകുന്നുണ്ട് . പലപ്പോഴും പ്രഹസനങ്ങളും പ്രഖ്യാപനങ്ങളുമായി ഒതുങ്ങി പോകുകയാണ് .

ഇതൊരു തിരുവനന്തപുരത്തിന്റെ മാത്രം പ്രശ്നമല്ല .കേരളം മുഴുവനായി ഇതു പടര്‍ന്നു നില്‍ക്കുന്നു.ഓരോ ദിവസവും കേരളത്തില്‍ എണ്ണായിരം  ടണ്‍ മാലിന്യം ഉണ്ടാക്കുന്നുണ്ട്  ഇതില്‍ എത്രമാത്രം മാലിന്യമാണ് സംസ്കരിക്കപ്പെടുന്നത് .

ഭരണകൂടങ്ങള്‍ക്ക് മാലിന്യ നിര്‍മാര്‍ജനത്തിന് ഒരു വിശാലമായ പദ്ധതികള്‍ തന്നെ നടപ്പിലാകേണ്ടി വരും . മാലിന്യം കഴിവതും ഉറവിടത്തില്‍ നശിപ്പികണം , അതിനു വേണ്ടി പുതിയ ഭവനങ്ങളില്‍ ബയോഗ്യാസ്‌ പ്ലാന്‍റ്റ്‌ നിര്‍ബന്ധമാക്കി വ്യവസ്ഥ ചെയ്യണം . പഴയ ഭവനങ്ങളില്‍ സ്ഥാപിക്കുവാനായി സബ്സിഡിയും ആനുകൂല്യങ്ങളും നല്‍കണം.  ആധുനികവും മാതൃകാപരവുമായ പ്ലാന്റുകള്‍ സ്ഥപിക്കാനും അതിന്റെ കാര്യക്ഷമമായ നടത്തിപ്പിനും നഗരസഭ ചുമതലപ്പെടുത്തണം .ഈ മാലിന്യങ്ങളില്‍ നിത്യവൃത്തി കണ്ടെത്തുന്നവര്‍ക്ക്  മാന്യമായ സേവന വേതനങ്ങള്‍ നല്ക്കണം തൊഴിലുറപ്പുവരുത്തണം ചികില്‍സാ ചെലവുകളും പെന്‍ഷനും ഏര്‍പ്പാടക്കണം .

തിരുവനന്തപുരത്തെ പട്ടം സെന്റ്‌ മേരിസ്  ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍  നടക്കുന്ന സുകൃത കേരളം എന്ന പരിപാടിയില്‍ നിന്നും കണ്ടു പിടിച്ച ചില മാലിന്യ സംസ്കരണ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്താം.....

കോവളം സിറോ വെസ്റ്റ്‌ സെന്റര്‍ അവതരിപ്പിച്ച സംസ്കരണ യുണിറ്റിനു വെറും അറുനൂറു രൂപ മാത്രം ചെലവ് ദ്വാരമുള്ള രണ്ടു മണ്ണ് ഭരണികള്‍ മാത്രം മതി ഒരു വീട്ടിലെ സകല ജൈവ മാലിന്യങ്ങളും സംസ്കരിക്കാന്‍.

മൂന്ന് കിലോ മാലിന്യം നിക്ഷേപിച്ചാല്‍ ഒരു മരിക്കൂര്‍ ആവശ്യമായ ഗ്യാസ് ലഭ്യമാക്കൂന്ന ഡയനാമിക്‌ പ്ലേറ്റഡ് ഡ്രോം ബയോഗ്യാസ്‌ പ്ലാന്റിന് സ്റൌവ് ചെലവുള്‍പ്പെന്ന അയ്യായിരം രൂപ മാത്രം.

രണ്ടു കിലോ മാലിന്യം നിക്ഷേപിച്ചാല്‍ രണ്ടു മണിക്കൂര്‍ ഗ്യാസ് ലഭ്യമാക്കുന്ന പ്ലാന്റിന് 12500  രൂപയും മൂനുമണിക്കൂര്‍  ഗ്യാസ് ലഭ്യമാക്കുന്ന പ്ലാന്റിന് 13,300 രൂപയും ചെലവാക്കും.

ഇത്തരത്തില്‍ പല ഉപയോഗ ക്രമത്തില്‍ അനവധി നൂനത മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം തുടരുന്നു. കൂടാതെ സര്‍ക്കാര്‍ വീടുകള്‍ക്ക്  ബയോഗ്യാസ്‌ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 75 % വരെ സബ്സിഡിയും  . വേഗമാകട്ടെ മാറി ചിന്തിക്കൂ  വൃത്തിയുള്ള പരിസരം സൃഷ്ടിക്കൂ.

വാല്‍കഷ്ണം: സുഹൃത്തെ ഒരു വീട്ടിലേക്കു  പാചകത്തിനാവശ്യമായ  ഗ്യാസില്‍ അരമണിക്കൂര്‍ ബയോഗ്യാസ് ഉപയോഗിച്ചായാല്‍ ,   പ്ലാന്റില്‍ നിന്നും ലഭിക്കുന്ന സ്ലറി  വളമായി ഉപയോഹിച്ചു  പത്ത് ചട്ടി പച്ചറികള്‍ എങ്കിലും വളര്‍ത്തിയാല്‍ കുടുംബ ചെലവിനത്തിലും രാജ്യം സബ്സിഡികള്‍ക്ക് നല്‍ക്കുന്ന ചെലവിനത്തിലും എത്രായിരം  രൂപ  മിച്ചം പിടിക്കാന്‍ സാധിക്കും. കൂടാതെ മൂക്ക് പൊത്താതെ ഇറങ്ങി നടക്കാം , പകര്‍ച്ചാവ്യധികള്‍ പടരുന്നത് തടയാം .ആരോഗ്യത്തോടെ ജീവിക്കാം . ഓരോ മലയാളിയും ആത്മാര്‍ഥമായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍  ദൈവത്തിന്റെ സ്വന്തം നാട്  എത്ര ഹരിതമാനോഹരശോഭ പടര്‍ത്തിയേനെ  !!!!!!!!!!!!

ഒരു ലിങ്ക് താഴെ ( പുണ്യന്റെ ഒരു തമാശ )